‘മകളെ ആൺസുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു, ബന്ധം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞു’; പെൺകുട്ടിയുടെ അമ്മ

കൊച്ചി: മകളെ ആൺസുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ചോറ്റാനിക്കരയിൽ വീടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മ. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ വീണ് മുറിവുണ്ടായതാണെന്ന് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആൺസുഹൃത്ത് വീട്ടിൽ എത്തിയെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത തലയോലപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടിൽ പൊലീസ് ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.
മകളുടെ ആൺസുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീട് മാറിയത്. എന്നെ ഉപദ്രവിക്കും എന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി മാറി താമസിക്കുകയാണ്. ബന്ധു വഴിയാണ് മകളുടെ വിവരം അറിയുന്നതെന്നും അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി അയൽവാസികൾ രംഗത്തെത്തി. പെൺകുട്ടി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുൻപ് കൈ ഞരമ്പ് മുറിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് നേരത്തെയും ഈ വീട്ടിൽ എത്തിയിരുന്നു. അന്ന് നാട്ടുകാരുമായി തർക്കം ഉണ്ടായതായും നാട്ടുകാരിൽ 20 പേർ ചേർന്ന് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറയുന്നു. 2022 ൽ പെൺകുട്ടി അമേരിക്കയിൽ നടന്ന സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ കയ്യിലെ മുറിവിൽ ഉറുമ്പരിച്ചിരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.