ടേക്ക് ഓഫിന് തൊട്ടുമുൻപ് എയർ ബുസാൻ വിമാനത്തിന് തീപിടിച്ചു; 176 പേരെയും ഉടൻ പുറത്തിറക്കി, ഒഴിവായത് വൻദുരന്തം

സോൾ: തെക്കൻ കൊറിയയിലെ വിമാനത്താവളത്തിൽ വച്ച് ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 176 പേരെയും ഉടൻ ഒഴിപ്പിച്ചു. രക്ഷപ്പെടുന്നതിനിടെ നാല് പേർക്ക് പരിക്കേറ്റു. ഹോങ്കോങിലേക്ക് പുറപ്പെടുകയായിരുന്നു വിമാനം. പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. എയർ ബുസാന്‍റെ വിമാനത്തിനാണ് തീപിടിച്ചത്. ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വച്ചാണ് തീപിടിത്തമുണ്ടായത്. 169 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.
ബജറ്റ് എയർലൈനായ എയർ ബുസാൻ ദക്ഷിണ കൊറിയയുടെ ഏഷ്യാന എയർലൈൻസിന്‍റെ ഭാഗമാണ്. ഇത് ഡിസംബറിൽ കൊറിയൻ എയർ ഏറ്റെടുക്കുകയായിരുന്നു. തീപിടിത്തത്തെ എയർ ബുസാനും ഏഷ്യാനയും പ്രതികരിച്ചിട്ടില്ല. ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് റിപ്പോർട്ട് പ്രകാരം 17 വർഷം പഴക്കമുള്ള എ321സിഇഒ മോഡലാണ് വിമാനം. ദക്ഷിണ കൊറിയയിൽ വലിയൊരു വിമാന ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഈ സംഭവം. ബാങ്കോക്കിൽ നിന്ന് വരികയായിരുന്ന ജെജു എയർ വിമാനം മുവാൻ വിമാനത്താവളത്തിന്‍റെ റൺവേയിൽ തകർന്നുവീണ് 179 പേരാണ് മരിച്ചത്. രണ്ട് പേർ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.