നെൻമാറ ഇരട്ടക്കൊലക്കേസ്; പ്രതിയ്ക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ:പാലക്കാട് എസ്പി അജിത്കുമാർ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകും. പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടെന്നും ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും എസ്പി പറഞ്ഞു. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറയുന്നു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്.
പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മുള്ളുവേലി ചാടിക്കടന്നതിൻ്റെ പാടുകൾ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തർക്കം ഉണ്ടായി. സുധാകരൻ്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാൻ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. നെൻമാറ പൊലീസിൻ്റെ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തും. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതി. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ട്. പ്രതി എസ്എസ്എൽസി പാസായിട്ടില്ല.