സൗദി വാഹനാപകടം: മരിച്ചവരിൽ കൊല്ലം സ്വദേശിയും, 15 പേരും ഒരേ കമ്പനിയിലെ ജീവനക്കാർ

റിയാദ്: നൊമ്പരമായി സൗദിയിലെ മലയാളിയുൾപ്പടെയുള്ള 15 പേരുടെ മരണം. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസിലേക്ക് ട്രെയിലർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അറാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച 15 പേരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങളും ഒപ്പം പരിക്കേറ്റവരെയും പുറത്തെടുത്തത്. സംഭവസ്ഥലത്ത് തന്നെ 15 പേർ മരിക്കുകയായിരുന്നു.
കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്. എ.സി.ഐ.സി സർവിസ് കമ്പനിയിൽ മൂന്ന് വർഷമായി എൻജിനീയറാണ്. വിഷ്‌ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള ബ്രിട്ടനിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്. ഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിങ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ (ബിഹാർ, 46 വയസ്), മുഹമ്മ മോഹത്തഷിം റാസ (ബിഹാർ, 27), ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി (തെലങ്കാന, 32) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ. ഇവരുടെ മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.