കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ദുഃഖ വാർത്ത; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയ സറാറിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ് കുഞ്ഞ് (61) ആണ് മരിച്ചത്. കാൽനൂറ്റാണ്ടായി സൗദിയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പതിവുപോലെ എ.സി വർക്ക്ഷോപ്പ് തുറന്നിട്ടില്ലെന്ന് കണ്ട സമീപത്തെ മറ്റ് സ്ഥാപനങ്ങളിലുള്ളവർ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല.
മുറിയിൽ തനിച്ചായിരുന്നു നസറുദ്ധീൻ താമസിച്ചിരുന്നത്. സുഹൃത്തുക്കൾ ഉടൻ അവിടെയെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും എത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മുലെജാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാരിയയിൽ തന്നെ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി അറിയിച്ചു. പിതാവ് – മുഹമ്മദ് കുഞ്ഞ്, മാതാവ് – അബോസ ബീവി, ഭാര്യ – റജീന സറുദ്ധീൻ.