വണ്ടിപ്പെരിയാരിൽ മേയാൻ വിട്ട ആടിനെ കാണാനില്ല, തെരഞ്ഞപ്പോൾ കിട്ടിയത് ജഡം; സമീപത്ത് പുലിയുടെ കാൽപ്പാടുകൾ

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വാളാഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് കൊന്നത്. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടു. തുടർന്ന് ഈ ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
അതിനിടെ വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നാൽ പുലിയാണെന്ന അനുമാനത്തിലാണ്. പഞ്ചാരക്കൊല്ലിയിൽ ഒരു ജീവനെടുത്ത കടുവയെ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തിരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.