പ്രമുഖ നടിയുടെ പരാതി, ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ; സനൽകുമാർ ശശിധരൻ വിദേശത്ത്

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ കേസ് നേരിടുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് അറിയിച്ചു. സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയായിരുന്നു നടി സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി എടുക്കാനുള്ള നടപടികള്‍ കൊച്ചി പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്.