Uncategorized

തൃശൂർ ഇനി പഴയ തൃശൂരല്ല, ഇലയനങ്ങിയാൽ പൊലീസ് അറിയും! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ശക്തമാക്കി പൊലീസ്

തൃശൂര്‍: ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും പുതിയ ചുവടു വെപ്പോടെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് എ.ഐ. പവേര്‍ഡ് സിസിടിവി അനാലിസിസ് സിസ്റ്റം പ്രാവര്‍ത്തികമാക്കി പൊലീസ്. 26ന് ക്യാമറ കണ്‍ട്രോള്‍ യൂണിറ്റില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ എ.എസ്.പി. (അണ്ടര്‍ ട്രെയിനി) ഹാര്‍ദിക് മീണയാണ് നൂതനമായ സംവിധാനം വികസിപ്പിച്ചെടുത്തത്.

വിന്‍ഡോസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സിസ്റ്റം ഓഫ്‌ലൈനായാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഡാറ്റകള്‍ക്ക് കൂടുതല്‍ സുരക്ഷയും ഉറപ്പാക്കുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികളെയും വാഹനങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുക, കാല്‍നടയാത്രക്കാരുടെയും പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കുക, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ വ്യക്തമല്ലാത്ത ചിത്രങ്ങള്‍ എ.ഐ. ഉപയോഗിച്ച് വ്യക്തമാക്കുക, എ.ഐ. ഉപയോഗിച്ച് വാട്ട്‌സ്ആപ്പ്, എസ്.എം.എസ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി അയയ്ക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. കുറ്റകൃത്യങ്ങളുടെ കൃത്യമായ അന്വേഷണവും സമൂഹത്തിന്റെ സുരക്ഷിതത്വവും കൂടുതല്‍ ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

ഭാവിയില്‍ തൃശൂര്‍ സിറ്റി പൊലീസ് ഈ സംവിധാനത്തെ നിലവിലുള്ള സിസിടിവി മോണിറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചറിലേക്ക് ഘട്ടം ഘട്ടമായി സമന്വയിപ്പിക്കാനും അതിലൂടെ സിസിടിവി വീഡിയോ വിശകലനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഫേസ് ഡിറ്റക്ഷന്‍ ഉള്‍പെടെയുള്ള കൂടുതല്‍ ഓപ്ഷനുകള്‍ അടുത്ത തലത്തില്‍ ഉള്‍പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ചടങ്ങില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ, തൃശൂര്‍ റൂറല്‍ പോപൊലീസ് ചീഫ് ബി. കൃഷ്ണകുമാര്‍, എ.എസ്.പി. (അണ്ടര്‍ ട്രെയിനി) ഹാര്‍ദിക് മീണ, അസി. കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്‍, ഗുരുവായര്‍ അസി. കമ്മീഷണര്‍ കെ.എം. ബിജു, ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.പി. സുധീരന്‍, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സി. ആര്‍. സന്തോഷ് എന്നിവരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button