സെയ്ഫിന് അതിവേഗം 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; ആശങ്കയറിയിച്ച് ഡോക്ടർമാരുടെ സംഘടന

മുബൈ: കത്തിക്കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). സെയ്ഫിന് എങ്ങനെയാണ് അതിവേഗം 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചത്. സാധാരണകാരനേക്കാൾ സെലിബ്രിറ്റികൾക്ക് മുൻഗണയുണ്ടെന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് ആശുപത്രിയുടെ നടപടിയെന്ന് എഎംസി ആരോപിച്ചു. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം അന്വേഷിക്കണമെന്നും എഎംസി ആവശ്യപ്പെട്ടു. സമാനമായ ആശങ്ക ഉന്നയിച്ച് ആരോഗ്യ ഇൻഷുറൻസ് വിദഗ്ധൻ നിഖിൽ ഝായും രംഗത്തെത്തി. സാധാരണയായി ക്ലെയിം ലഭിക്കുന്നതിന് മുൻപ് എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ വേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ അതിവേഗം തുക അനുവദിച്ചുവെന്ന് നിഖിൽ എക്സിൽ കുറിച്ചു.