ചക്കുളത്തുകാവിലെ പൂക്കാവടിസംഘം ചൈനയിലേക്ക്; മക്കാവു നഗരത്തിൽ കാർണിവലിൽ ചുവടുവയ്ക്കും

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീബ്രഹ്മ കലാ സമിതിയുടെ പൂക്കാവടി സംഘം ചൈനയിലെ മക്കാവു നഗരത്തിൽ ചുവടു വയ്ക്കും. ദില്ലി, സിക്കിം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങി 14 സംസ്ഥാനങ്ങളിൽ കാവടിയാട്ടം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് രാജ്യാന്തര തലത്തിൽ പരിപാടി അവതരിപ്പിക്കുന്നത്. ചൈനീസ് കാർണിവലിന്‍റെ ഭാഗമായിട്ടാണ് ഇവർ പ്രോഗ്രാം അവതരിപ്പിക്കുന്നത്.
ഇവന്‍റ് മാനേജ്മെന്‍റ് ടീമാണ് കാവടി സംഘത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു കലാപരിപാടികളാണ് കാർണിവലിൽ അവതരിപ്പിക്കുക. ഇവിടെ അവസരം ലഭിച്ചതിൽ ഏറ സന്തോഷത്തിലാണ് സംഘം. അടുത്ത മാസം ഫ്രാൻസിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കാവടിസംഘത്തിന് നേതൃത്വം നൽകുന്ന വി എസ് സച്ചിൻ പറഞ്ഞു.
14 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. ചൈനയിലേക്ക് പുറപ്പെടുന്ന സംഘത്തിൽ 4 മേളക്കാരും 9 കാവടിയാട്ടക്കാരും ഒരു ദ്വിഭാഷിയുമാണുള്ളത്. സച്ചിന് പുറമെ ടീം ലീഡർ ആയി സി ജി വിഷ്ണു, സുധി, മിഥുൻ, മനീഷ്, സൂരജ്, അഭിരാജ്, രാഹുൽ, ദീപക്, ശിവദാസ് സൂരജ്, ബിനോയ്, വിഷ്ണു, അനന്തു എന്നിവരാണ് സംഘത്തിലുള്ളത്. 12 വർഷമായി ആയിരത്തിലേറെ പ്രകടനങ്ങൾ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ചാനലുകളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.