വെളളം ഇറ്റിറ്റു വീഴുന്നു, നനഞ്ഞ സീറ്റില്‍ മണിക്കൂറുകളോളം യാത്ര; വിമാനക്കമ്പനിയ്ക്ക് 55,000 രൂപ പിഴയിട്ട് കോടതി

ചെന്നൈ: ലുഫ്താൻസ വിമാനത്തിൽ പ്രായമായ ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. ജോജു ഡൊമിനിക് (69), ഭാര്യ ജാസ്മിൻ (65) എന്നിവരായിരുന്നു വിമാനത്തിലെ യാത്രികരായി ഉണ്ടായിരുന്നത്.
വെള്ളം ഇറ്റു വീണും നനഞ്ഞ സീറ്റിലിരുന്നും യാത്രയിലുടനീളം സഞ്ചരിക്കേണ്ടി വന്നതിന്റെ പിഴയാണ് വിമാനക്കമ്പനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. യാത്രയിലുടനീളം ദമ്പതികള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചു. ചെന്നൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ട് വഴി വാൻകൂവറിലേക്കുള്ള റൗണ്ട്ട്രിപ്പ് ടിക്കറ്റിന് 3.5 ലക്ഷം രൂപയ്ക്കാണ് ദമ്പതികള്‍ എടുത്തിരുന്നത്.
സംഭവം നടന്ന ദിവസം യാത്രികര്‍ സഞ്ചരിച്ചിരുന്ന വിമാനം വൃത്തിയാക്കാന്‍ 90 മിനിറ്റ് വൈകി. ഈ സമയം യാത്രികരെ എയ്‌റോബ്രിഡ്ജിൽ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വൃത്തിയാക്കാന്‍ വൈകിയതോടെ സീറ്റുകള്‍ നനഞ്ഞു കുതിര്‍ന്ന നിലയില്‍ത്തന്നെ തുടരുകയായിരുന്നു. ഇത് കൂടാതെ ഓവർഹെഡ് കമ്പാർട്ട്മെൻ്റിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നുമുണ്ടായിരുന്നു. പ്രശ്നം പറഞ്ഞിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നും പരാതിപ്പെട്ടപ്പോൾ ഒരു ക്യാബിൻ ക്രൂ അംഗം വിമാനത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജോജു പറഞ്ഞു.
ചെന്നൈയിലെ കാലാവസ്ഥയാണ് പ്രശ്‌നത്തിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. പുതപ്പ് ഉപയോഗിക്കാനും നിര്‍ദേശിച്ചു. പിന്നീട് ഏറെ നേരത്തിനു ശേഷമാണ് പകരം മറ്റു രണ്ട് സീറ്റുകള്‍ ലഭിച്ചത്. ഇതിനു ശേഷം ഫ്ലൈറ്റ് വൈകിയതോടെ വാൻകൂവറിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് ലഭിച്ചില്ല. ഏറെ നേര എയര്‍ലൈനുമായി തര്‍ക്കിച്ച് അവസാനം മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തി. എന്നിട്ടും ഷെഡ്യൂള്‍ ചെയ്ത കാനഡയിലെ ഫെറിയിലെ യാത്ര നഷ്ടമായെന്നും ജോജു പറഞ്ഞു.
മടക്കയാത്രയും ഇതുപോലെ പ്രശ്നഭരിതമായിരുന്നു. പറന്നുയർന്ന ഉടൻ തന്നെ വിമാനത്തില്‍ ഇന്ധന ചോർച്ച റിപ്പോർട്ട് ചെയ്ത് ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് 2023 ഒക്‌ടോബർ 3 ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ഒരു സർവീസ് സെൻ്ററിലേക്ക് അയച്ചു. അവിടെ തങ്ങളോട് മാന്യമല്ലാതെയാണ് അധികൃതര്‍ പെരുമാറിയത്. മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ നിഷേധിക്കപ്പെട്ടതിനാല്‍ താമസസ്ഥലത്ത് എത്താൻ ഏകദേശം 2 കിലോമീറ്റർ നടക്കേണ്ടി വന്നു. കാലതാമസത്തിനിടയിൽ മതിയായ ഭക്ഷണം നൽകിയില്ലെന്നും അവശ്യമരുന്നുകൾ തീർന്നുപോയെന്നും ജോജു ആരോപിച്ചു.
കോടതിയോട് തങ്ങളുടെ ടിക്കറ്റിൻ്റെ വിലയ്ക്ക് തുല്യമായ 3.5 ലക്ഷം രൂപയാണ് ദമ്പതികൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തങ്ങള്‍ അനുഭവിച്ച മാനസികമായ ബുദ്ധിമുട്ടുകള്‍ക്കും മറ്റ് നിയമ ചെലവുകൾക്കുമായി 55,000 രൂപ നൽകാനാണ് വിമാനക്കമ്പനിയോട് കോടതി ഉത്തരവിട്ടത്. അതേ സമയം വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച ജോജു തങ്ങൾക്കുണ്ടായ ദുരിതത്തിന് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.