Uncategorized

സെഞ്ചുറിയടിക്കാൻ ഐഎസ്ആർഒ; ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക.

തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും. രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടക്കുക. എൻവിഎസ് പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹവും ഇന്ത്യൻ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷന്‍റെ (നാവിക്) ഭാഗവുമാണ് എൻവിഎസ്-02. നാവിക് ഇന്ത്യയുടെ സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമാണ് എന്ന് ഐഎസ്ആർഒ പറയുന്നു. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സിസ്റ്റം. ഇതിന്‍റെ മറ്റൊരു പേരാണ് നാവിക്.

അമേരിക്കയുടെ ജിപിഎസിനെയും റഷ്യയുടെ ഗ്‌ളാനോസിനെയും ചൈനയുടെ ബേദൗയെയും യൂറോപ്യന്‍ യൂണിയന്‍റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ ഒരുക്കുന്ന നാവിക്. ഇന്ത്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൃത്യമായ സ്ഥാനം, വേഗത, സമയ സേവനങ്ങൾ എന്നിവ നൽകുന്നതിന് നാവിക് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. ഇന്ത്യ മുഴുവനായും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയും നാവികിന് ഉണ്ടാകും. സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇതിനകം നാവിക് ലഭ്യമാണ്. സ്റ്റാൻഡേർഡ് പൊസിഷനിംഗ് സേവനവും (എസ്ഒഎസ്), നിയന്ത്രിത സേവനവും (ആർഎസ്) എന്നിങ്ങനെ നാവിക് രണ്ട് തരത്തിലുള്ള സേവനങ്ങൾ നൽകും.

എൻവിഎസ്-02 ഉപഗ്രഹ നാവിഗേഷൻ സിസ്റ്റത്തിന്‍റെ ഭാഗമാണ്. ഇത് ഇന്ത്യൻ പ്രദേശത്ത് നാവിഗേഷൻ സേവനങ്ങൾ നൽകും. ജിഎസ്എൽവി-എഫ്15 റോക്കറ്റിലൂടെയാണ് ഉപഗ്രഹം ജിയോസ്റ്റേഷണറി ട്രാൻസ്‍ഫർ ഓർബിറ്റിൽ സ്ഥാപിക്കുക. ഇന്ത്യയുടെ നാവിഗേഷൻ സേവനങ്ങളിൽ സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് നാവിക് ഉപഗ്രഹ സംവിധാനം. ഇന്ത്യൻ വ്യവസായങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകാൻ നാവികിന് കഴിയും. ഇത് ഇന്ത്യൻ പ്രദേശത്ത് നാവിഗേഷൻ സേവനങ്ങൾ നൽകും, അതുവഴി വിദേശ നാവിഗേഷൻ സിസ്റ്റങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. നാവിക് രൂപകൽപ്പന ചെയ്തിരിക്കുന്നത് കൃത്യവും വിശ്വസനീയവുമായ സ്ഥാനവും സമയ സേവനങ്ങളും പ്രദാനം ചെയ്യുന്നതിനാണെന്നും വ്യോമയാനം, സമുദ്രം, കര ഗതാഗതം തുടങ്ങിയ വിവിധ മേഖലകൾക്ക് പ്രയോജനം ചെയ്യും എന്നുമാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button