ആളെക്കൊല്ലി കടുവയ്ക്കായി സ്പെഷ്യൽ ഓപറേഷൻ, തെരച്ചിൽ പുലർച്ചെ ആരംഭിച്ചു, സംഘത്തിൽ ഷാർപ്പ് ഷൂട്ടർമാരും
മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ കണ്ടെത്താനുളള സ്പെഷ്യൽ ഓപറേഷൻ തുടങ്ങി. അതിരാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് വെറ്ററിനറി ടീം തെരച്ചിലിന് ഇറങ്ങിയത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ.
ചട്ടങ്ങൾ പറഞ്ഞു വൈകിപ്പിക്കാതെ കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടാൽ വെടിവച്ചു കൊല്ലുന്ന നടപടിക്ക് വനംവകുപ്പ് ഒരുങ്ങിയത്. സവിശേഷ ദൗത്യം ആയതിനാൽ ആറു മണി മുതൽ മേഖലയിൽ 48 മണിക്കൂർ കർഫ്യൂ തുടങ്ങി. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിന്ന് ഇടങ്ങളിലെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ക്ലാസ്സിൽ ഹാജരാക്കേണ്ടതില്ല എന്നും നിർദ്ദേശമുണ്ട്.
വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാണ്ടോകൾ കൂടി ഇന്നു കടുവയെ തേടി ഇറങ്ങും. കടുവയെ കണ്ടാൽ വെടിവയ്ക്കാൻ കൂടി വേണ്ടിയാണ് ഷാർപ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയത്. 4 ദിവസത്തിനിടെ 2 തവണ മനുഷ്യനെ ആക്രമിച്ചതിനാൽ അതീവ ജാഗ്രതിയിലാണ് പഞ്ചാരക്കൊല്ലി മേഖല.