Uncategorized

സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അംഗനവാടികൾ

പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടികൾ” ആയി പ്രഖ്യാപിച്ചു.

കൊട്ടിയൂർ 21, മാലൂർ 26, കേളകം 25,കണിച്ചാർ 20,മുഴക്കുന്ന് 21, പേരാവൂർ 24, കോളയാട് 23 എന്നിങ്ങനെ ബ്ലോക്കിൽ ആകെയുള്ള 160 അംഗനവാടികളാണ് ഹരിതശുചിത്വമായി മാറിയത്.

പൊതുശുചിത്വം, ജൈവ- ദ്രവ മാലിന്യങ്ങളുടെ സംസ്‌ക്കാരണം, അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറ്റം, പരിസര വൃത്തി, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയ ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഹരിതപ്രഖ്യാപനം നടത്തിയത്.

ഹരിത അംഗനവാടികളുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും, ഏഴ് പഞ്ചായത്തിലെ മികച്ച ഓരോ മാതൃക അംഗനവാടിക്കും പോഷകവാടിക്കുമുള്ള ഉപഹാരം നൽകലും, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാഴ് വസ്തു സംഭരണ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിക്കലും മണത്തണ സ്കൂൾ ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. മികച്ച പച്ചക്കറിതോട്ടം നിർമിച്ച “പോഷകവാടി”കുള്ള ഉപഹാരം ജില്ലാ വനിതാ-ശിശു ക്ഷേമ ഓഫീസർ സി എ ബിന്ദുവും, ആർ ആർ എഫ് ജീവനക്കാർക്കുള്ള ഉപഹാരം ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാറും നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിവിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, റോയ് നമ്പുടാകം, എം റിജി, വി ഹൈമാവതി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി ഗീത, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ പ്രേമി പ്രേമൻ, അംഗം പ്രീതി ലത, പേരാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു വി അനിൽകുമാർ, ബേബി സോജ, സി ഡി പി ഒ ബിജി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി ഡി ഒ മാരായ റെജി പി മാത്യു സ്വാഗതവും, ബിജു ജോസഫ് നന്ദിയും പറഞ്ഞു. സമ്പൂർണ ഹരിത അംഗനവാടികൾ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തേ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.

ഫോട്ടോ ക്യാപ്‌ഷൻ : പേരാവൂർ ബ്ലോക്ക് സമ്പൂർണ ഹരിത അംഗനവാടി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button