വയനാട്ടിലെ കടുവാ ആക്രമണം; വനം മന്ത്രി ഇന്ന് വയനാട്ടിൽ, ജല്ലാ കളക്ടറടക്കം പങ്കെടുക്കുന്ന യോഗം ഇന്ന്
കൽപ്പറ്റ: വയനാട്ടിലെ കടുവാ ആക്രമണത്തിൽ യുവതി മരണപ്പെട്ട സാഹചര്യത്തിൽ ഇന്ന് (ജനുവരി 26) രാവിലെ 11 ന് കളക്ടറേറ്റിൽ യോഗം ചേരും. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.
അതേസമയം, നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചിട്ടുണ്ട്. പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിർദേശം.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.