ജമ്മു കശ്മീരിന് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ; ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിലൂടെ ട്രയൽ റൺ

ശ്രീനഗർ: ജമ്മു കശ്മീരിലെ റെയിൽ ഗതാഗതത്തിന് കരുത്ത് പകരാൻ വന്ദേ ഭാരത് എക്സ്പ്രസ്. ജമ്മു കശ്മീരിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര (എസ്‌വിഡികെ) റെയിൽവേ സ്റ്റേഷനിൽ നിന്ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു ട്രയൽ റൺ നടത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലമായ ചെനാബ് പാലത്തിലൂടെയായിരുന്നു വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ജമ്മു കശ്മീരിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് നിരവധി സവിശേഷതകളുണ്ട്. ജമ്മു കശ്മീരിലെ വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തെ നേരിടാനായി വന്ദേ ഭാരത് ട്രെയിൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. വെള്ളവും ബയോ-ടോയ്ലറ്റ് ടാങ്കുകളും മരവിക്കുന്നത് തടയാനും വാക്വം സിസ്റ്റത്തിന് ഊഷ്മള വായു നല്‍കാനും പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ പോലും സുഗമമായ പ്രവര്‍ത്തനത്തിനായി എയര്‍-ബ്രേക്ക് സിസ്റ്റത്തിന്റെ ഒപ്റ്റിമല്‍ പ്രവര്‍ത്തനം ഉറപ്പാക്കാനും സഹായിക്കുന്ന വിപുലമായ തപീകരണ സംവിധാനങ്ങള്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.