പത്തനംതിട്ടയിൽ വീണ്ടും പോക്സോ കേസ്; 9 പേർ പീഡിപ്പിച്ചെന്ന് സ്കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ, 4 പേർ പിടിയിൽ

അടൂർ: പത്തനംതിട്ട ജില്ലയിൽ വീണ്ടും പോക്സോ കേസ്. അടൂരിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിലായി. ആകെ 9 പ്രതികളാണ് ഉള്ളത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ശിശു ക്ഷേമ സമിതി (സി ഡബ്ല്യു സി) നടത്തിയ കൗൺസിലിംഗിൽ ആണ് ഒരു വർഷ കാലമായി ഉള്ള ലൈംഗിക ചൂഷണവും പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞത്. മറ്റ് പ്രതികൾ ഉടൻ പിടിയിൽ ആകും എന്ന് അടൂർ പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം കേരളത്തെയാകെ നടുക്കിയ പത്തനംതിട്ടയിലെകൂട്ടബലാൽസംഗ കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരിക്കുകയാണ്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡി ജി പിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരിഗണിച്ചാണ് നടപടി. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ പെൺകുട്ടി ശിശുക്ഷേമ സമിതിയെ അറിയിച്ചത്. 13 വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് മൊഴി. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സോ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗിക ചൂഷണത്തി്ന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.