സ്ത്രീകൾക്കായുള്ള ഡിബിടി പദ്ധതികൾ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും; എസ്ബിഐ റിപ്പോർട്ട്

ദില്ലി: സ്ത്രീകൾക്കായി വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഡിബിടി പദ്ധതികൾ സംസ്ഥാനങ്ങളെ കടത്തിലാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂചന. പദ്ധതി നടപ്പിലാക്കാൻ എട്ടോളം സംസ്ഥാനങ്ങളിലായി ഇതുവരെ ഒന്നര ലക്ഷം കോടിയിലധികം രൂപയാണ് ചെലവായത്. കേന്ദ്ര സർക്കാറിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതിയാണ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമാക്കികൊണ്ട് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ സമീപ വർഷങ്ങളിൽ പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി പ്രാപിച്ചിരുന്നു.
എന്നാൽ ഇത്തരം ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ഉയർന്ന നികുതിയേതര വരുമാനവും കടമെടുക്കേണ്ട ആവശ്യകതകളും ഇല്ലാത്തതിനാൽ ഒഡീഷ പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത്തരം ക്ഷേമ പദ്ധതികളുടെ ചിലവുകൾ വഹിക്കാൻ സാധിക്കും. എന്നാൽ മറ്റ് ചില സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിയും വരും. കർണാടകയിൽ കുടുംബനാഥമാർക്കാണ് മാസംതോറും 2000 നൽകുന്ന ഗൃഹ ലക്ഷ്മി പദ്ധതിക്ക് വേണ്ടി 28608 കോടി രൂപയാണ് ചെലവായത്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽനിന്നും 11 ശതമാനം മാത്രം.
വെസ്റ്റ് ബംഗാളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കായി ഒറ്റത്തവണ ഗ്രാന്റിലൂടെ 1000 രൂപ നൽകുന്ന ലക്ഷ്മി ബന്ദർ പദ്ധതിയുടെ മുതൽമുടക്ക് 14400 രൂപയാണ്. അതായത് സംസ്ഥാന വരുമാനത്തിന്റെ 6 ശതമാനം മാത്രം. ദില്ലിയിലെ സ്ത്രീകൾക്കായി മാസം തോറും 1000 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്ന പദ്ധതിയുടെ മുതൽമുടക്ക് 2000 കോടി രൂപയാണ്. മൊത്ത വരുമാനത്തിന്റെ 3 ശതമാനം മാത്രമാണ് പദ്ധതിക്ക് വേണ്ടി ചെലവായിട്ടുള്ളത്.
അതേസമയം സ്ത്രീകൾക്ക് ഗ്രാന്റുകൾ നൽകുന്നതിലൂടെ കേന്ദ്ര സർക്കാരും ഇത്തരത്തിലുള്ള പോളിസികൾ ഏറ്റെടുക്കാൻ നിർബന്ധിതരാവുന്നുവെന്നും എസ്ബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഗ്രാന്റുകളുമായി സമാനമുള്ള
ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയാൽ അത് ഇപ്പോഴത്തെ സാഹചര്യത്തിന് സുസ്ഥിരമായ ബദലാകുമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. വിപണിയെ തടസപ്പെടുത്തുന്ന സബ്സിഡികളെ കുറക്കാനും അത് സഹായിക്കും.
ഇത്തരം പദ്ധതികൾ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സ്ത്രീപക്ഷത്തിൽനിന്നും തെരഞ്ഞെടുപ്പ് പിന്തുണ ലഭിക്കുന്നതിനുമുള്ള മാർഗമാണെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിയും കടമെടുക്കുന്നതിന്റെ പരിമിതകളും മനസിലാക്കികൊണ്ടാവണം ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനെന്ന് എസ്ബിഐയുടെ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.