‘നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടൂവെന്ന് പറഞ്ഞു’; ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി യൂട്യൂബർ മണവാളന്റെ കുടുംബം

തൃശ്ശൂർ: ജയിൽ അധികൃതർ മകനെ മനപ്പൂർവ്വം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബർ മണവാളന്റെ (മുഹമ്മദ് ഷെഹീൻ ഷാ) കുടുംബം. തൃശ്ശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ആരോപണം. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.
വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയത്. ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ തൃശ്ശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപി ക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് മണവാളൻ പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മണവാളനെ പാർപ്പിച്ച സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറഞ്ഞു. ഒരാളുടെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കോളേജ് വിദ്യാർത്ഥികളെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയാണ് യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷാ. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്.