തട്ടിക്കൊണ്ടുപോയതല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരമെന്ന് ജാൻവി, കുടുംബത്തിനെതിരെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ രംഗത്ത്

ജയ്പൂർ: സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്നും തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ 19കാരി. ജാൻവി മോദിയെന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് സ്വന്തം കുടംബത്തിനെതിരെ രംഗത്തെത്തിയത്. ജാൻവിയെ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ കുടുംബം പരാതി നൽകിയിരുന്നു. വീഡിയോയിലൂടെയാണ് ജാൻവി രംഗത്തെത്തിയത്. എന്നെ തട്ടിക്കൊണ്ടുപോയിട്ടില്ല, ഞാൻ എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കാറിൽ കയറിപ്പോന്നത്. വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരം. എനിക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ട്. എൻ്റെ കുടുംബം നൽകിയ കേസ് തെറ്റാണെന്നും ജാൻവി മോദി വീഡിയോയിൽ പറഞ്ഞു.
തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് അവർ ഇതുവരെ കത്തും പരാതിയും ഔദ്യോഗികമായി അയച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ജാൻവിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കുടുംബം ചൊവ്വാഴ്ച എഫ്ഐആർ ഫയൽ ചെയ്തു. എന്നാൽ, ആര്യസമാജ് ക്ഷേത്രത്തിൽ വെച്ച് തരുൺ സാംഗ്ലയുമായി (26) മാലകൾ കൈമാറുന്ന വീഡിയോ പുറത്തുവിട്ടു. തരുൺ സാംഗ്ല തട്ടിക്കൊണ്ടുപോയി എന്നാണ് ജാൻവിയുടെ കുടുംബം ആദ്യം ആരോപിച്ചത്.എന്നാൽ, അന്വേഷണത്തിൽ സംഭവം ജാതി തർക്കമാണെന്ന് ബോധ്യപ്പെട്ടു. ജാൻവിയും തരുണുമായുള്ള ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടർന്ന് തർക്കമുണ്ടാകുകയും ഒളിച്ചോടുകയുമായിരുന്നു. ജോധ്പൂരിൽ വച്ചാണ് ഇരുവരും വിവാഹിതരായതെന്നും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും കൂട്ടിച്ചേർത്തു. കേസിൽ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.