എക്സറേയിൽ കണ്ടു, പക്ഷേ പാക്കറ്റ് ഉള്ളിലേക്ക് കടന്നുപോയി; കോളനോസ്കോപ്പി വഴി എംഡിഎംഎ പുറത്തെടുക്കാൻ പൊലീസ്

വർക്കല: തിരുവനന്തപുരം വർക്കലയിൽ എംഡിഎം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതിയിൽ നിന്നും മയക്കുമരുന്ന് പാക്കറ്റ് പുറത്തെടുക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പാക്കറ്റ് ഉള്ളിലേക്ക് കടന്നുപോയെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മലദ്വാരത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടുന്നത്.
വർക്കല തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സേറേ പരിശോധനയിലാണ് മുഹമ്മദ് അഫ്നാൻ മലദ്വാരത്തിൽ മയക്കുമരുന്ന് പാക്കറ്റ് ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്. പരിശോധനയിൽ മയക്കുമരുന്ന് പാക്കറ്റ് ഉള്ളിലേക്ക് കടന്നുപോയെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കോളനോസ്കോപ്പി വഴി മയക്കുമരുന്ന് പാക്കറ്റ് പുറത്തെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ കയറവേയാണ് ഇരുവരും ഡാൻസാഫ് ടീമിന്‍റെ പിടിയിലായത്. എംഡിഎംഎ കടത്തിയതിന് അഫ്നാന് ഇതിനുമുമ്പും രണ്ട് കേസുകൾ നിലവിലുള്ളതായും ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്നും വർക്കല പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീം പ്രതികളെ വർക്കല പൊലീസിന് കൈമാറിയിരിക്കുകയാണ്.
മുഹ്സിന്‍റെ ദേഹപരിശോധനയിൽ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. കൂടുതൽ അളവിൽ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തതോടെയാണ് അഫ്‌നാൻ മലദ്വാരത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്.