Uncategorized

വിവാഹ മോചന ഹർജി പിൻവലിക്കാൻ തയ്യാറായില്ല; ഭാര്യയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി ഭർത്താവ്

ബെംഗളൂരു: കർണാടകയിൽ അകന്ന് കഴിയുന്ന ഭാര്യ വിവാഹ മോചന ഹർജി പിൻവലിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കുനിഗൽ ടൗണിൽ താമസിക്കുന്ന 39 കാരനായ മഞ്ജുനാഥാണ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തി തീ കൊളുത്തി ജീവനൊടുക്കിയത്. ക്യാബ് ഡ്രൈവറായ മഞ്ജുനാഥും ഭാര്യയും 2013ൽ ആണ് വിവാഹിതരായത്. ഇവർക്ക് 9 വയസുള്ള ഒരു ആൺകുട്ടിയുമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. പിന്നാലെ ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാൽ, വിവാഹമോചന ഹർജി കോടതിയിൽ നിന്ന് പിൻവലിക്കണമെന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ മഞ്ജുനാഥ് പലതവണ ശ്രമിച്ചു. എന്നാൽ ഭാര്യ വഴങ്ങിയില്ല. ഇതോടെയാണ് നാഗർഭവി പ്രദേശത്തുള്ള ഭാര്യയുടെ വസതിക്ക് മുന്നിലെത്തിയ മഞ്ജുനാഥ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തിയത്. എന്നാൽ ഭാര്യ ഇയാളുമായി സംസാരിക്കാൻ തയ്യാറായില്ല. തനിക്ക് വിവാഹ മോചനം വേണമെന്നും ഹർജി പിൻവലിക്കില്ലെന്നും ഇവർ തീർത്തു പറഞ്ഞു. ഇതോടെയാണ് മഞ്ജുനാഥ് കന്നാസിൽ കൊണ്ടുവന്ന പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്തത്. മഞ്ജുനാഥ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. മകന്‍റെ മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് മഞ്ജുനാഥിന്‍റെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button