Uncategorized

മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍, പാകിസ്ഥാന്റെ ഒരാള്‍ പോലുമില്ല! 2024ലെ ടെസ്റ്റ് ഇലവന്‍ തിരഞ്ഞെടുത്ത് ഐസിസി

ദുബായ്: ഐസിസി 2024ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും ടീമിലിടം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് എന്നീ പ്രമുഖരാരുമില്ല. ഇംഗ്ലണ്ടില്‍ നിന്ന് നാല് താരങ്ങളും ന്യൂസിലന്‍ഡില്‍ നിന്ന് രണ്ട് പേരും ടീമിലിടം നേടി. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതം ടീമിലെത്തി. അതേസമയം ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളില്‍ നിന്ന് ഒരാള്‍ പോലും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഓപ്പണര്‍ യശസ്വി ജയ്‌സ്വള്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിരാണ് ടീമിലിടം കണ്ടെത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റാണ് ജയ്‌സ്വാളിന്റെ ഓപ്പണിംഗ് കൂട്ടാളി. മൂന്നാമനായി ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ കളിക്കും. പിന്നാലെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടെത്തും. കോലി, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍ എന്നിവരിലാരേയും മൂന്നും നാലും സ്ഥാനത്തേക്ക് പരിഗണിച്ചില്ല. അഞ്ചാമനായി ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് കളിക്കും. പിന്നാലെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ്. ഇംഗ്ലണ്ടിന്റെ ജാമി സ്മിത്താണ് വിക്കറ്റ് കീപ്പര്‍. ഇന്ത്യന്‍ താരം റിഷഭ് പന്തിന് ടീമിലിടം നേടാനായില്ല. ടീമിലെ ഏക സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ്. ബാറ്ററായും ജഡേജയുടെ സംഭാവന പ്രതീക്ഷിക്കാം. തുടര്‍ന്ന് ക്യാപ്റ്റന്‍ കമ്മിന്‍സ്. പേസര്‍മാരായി ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയും ബുമ്രയും.

ഐസിസി തിരഞ്ഞെടുത്ത 2024ലെ ടീം: യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡക്കറ്റ്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രിത് ബുമ്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button