Uncategorized

വീടുകളിൽ സാധനങ്ങൾ വിൽക്കാനെത്തിയ യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം, ചാടി രക്ഷപ്പെട്ടു; പ്രതി പിടിയിൽ

തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പാലക്കാട് കണ്ണപാറ പരുവശ്ശേരി സ്വദേശിയായ സന്തോഷ് ( 45) ആണ് കയ്പമംഗലം പൊലീസിന്‍റെ പിടിയിലായത്. പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്താണ് സംഭവം. വീടുകളിൽ ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന സെയിൽസ് ഗേളിനെയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന തിരൂർ സ്വദേശിയായ യുവതിയാണ് അക്രമത്തിനിരയായത്. ബലമായി ഓട്ടോയിൽ കയറ്റിയ യുവതിയെ ഏറെ ദൂരം കൊണ്ടുപോയ ശേഷം, യുവതി ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കയ്പമംഗലം പൊലീസ് ആണ് അന്വേഷണത്തിനൊടുവിൽ സന്തോഷിനെ പിടികൂടിയത്. വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ചാണ് സന്തോഷ് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അപകടം മനസ്സിലാക്കിയ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് യുവതി കയ്പമംഗലം പൊലീസിൽ പരാതിപെട്ടു. യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നും, ഓട്ടോയ്ക്ക് ആദർശ് എന്ന് പേരുള്ളതായും പൊലീസ് മനസിലാക്കി. തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും കേന്ദികരിച്ചും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിൽ പാലക്കാട് രജിസ്ട്രേഷനിൽ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ജംഗ്ഷനുകൾ തോറും ഫിനോയിലുമായി വിൽപ്പന നടത്തി വരുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് അന്വേഷണം നടത്തി.

ഓട്ടോയെ കണ്ടെത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് ‘ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്. ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുവതി തിരിച്ചറിഞ്ഞു. സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL–9-P-4899 നമ്പർ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്‍റെ നേതത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ ലിജു ഇയ്യാനി, എഎസ്ഐ നിഷി, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button