Uncategorized

‘വിവാഹം മുടങ്ങി, പഠനം പാതിവഴിയിൽ, മരുന്നിന് പോലും വഴിയില്ല’, നേമം സഹകരണബാങ്കിന് മുന്നിൽ നാളെ പട്ടിണികഞ്ഞി സമരം

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിൽ കഴിഞ്ഞ ഏഴ് മാസമായി നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് നാളെ നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ പട്ടിണി കഞ്ഞി സമരം. 400 ഓളം പേർ നേമം പൊലീസിൽ പരാതി നൽകുകയും എഫ്. ഐ. ആർ ഇടുകയും ചെയ്തതിന് പിന്നാലെയാണ് സമരം. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നടപടി വൈകുന്നതിലാണ് പ്രതിഷേധം. നിക്ഷേപ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് തല അന്വേഷണം നടക്കുകയാണെങ്കിലും അത് നീളുകയാണെന്ന് നിക്ഷേപകർ ആരോപിക്കുന്നത്. നിക്ഷേപകരിൽ പലരുടെയും പെൺമക്കളുടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. കുട്ടികളുടെ തുടർപഠനം പാതിവഴിയിൽ മുടങ്ങി. മരുന്ന് വാങ്ങുവാൻ പോലും നിവൃത്തി ഇല്ലാതെ പ്രായമായവർ നെട്ടോട്ടമൊടേണ്ടി വരുമെന്നാണ് നിക്ഷേപ കൂട്ടായ്മ കുറ്റപ്പെടുത്തുന്നത്.

പ്രതിസന്ധിയിലാക്കിയ മുൻഭരണസമിതി തന്നെയാണ് ഇപ്പോഴും ബാങ്ക് ഭരിക്കുന്നത്‌. ദിനംപ്രതി ബാങ്കിൽ അടവായി വരുന്ന ലോണിന്റെ പണം പോലും ഇവർ വേണ്ടപ്പെട്ടവർക്ക് നൽകി വരുന്നുവെന്നാണ് ആരോപണം. ബാങ്കിലെ നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാളെ രാവിലെ 10 മണി മുതൽ ഒന്ന് വരെ ബാങ്കിന് മുന്നിൽ നൂറുകണക്കിന് സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ നിക്ഷേപകർ പട്ടിണി കഞ്ഞി പാചകം ചെയ്ത് കഞ്ഞി കുടിച്ച് സമരം ചെയ്ത് പ്രതിഷേധിക്കുന്നതെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.

അതേസമയം, നേമം സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സെക്രട്ടറി നേമം സ്റ്റുഡിയോ റോഡ് നന്ദനത്തിൽ ബാലചന്ദ്രൻനായരെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് ബാലചന്ദ്രൻ. മുൻ സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് രണ്ടാം പ്രതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button