Uncategorized

6,000 രൂപ തരാം, തങ്ങൾക്കെതിരെയുള്ള സോഷ്യൽ മീഡിയ കുറിപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇൻഡിഗോ ആവശ്യപ്പെട്ടതായി യുവാവ്

ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നൽകി സമൂഹ മാധ്യമ കുറിപ്പ് പിൻവലിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസ് ശ്രമിച്ചെന്ന് ആരോപണവുമായി യുവാവ് . കഴിഞ്ഞ ദിവസമാണ് ഷെഡ്യൂൾ ചെയ്ത സമയത്തിനും 15 മിനിറ്റ് മുൻപ് വിമാനം പറന്നുയറുന്നതിനെ തുടർന്ന് പ്രഖർ ഗുപ്ത എന്ന വ്യക്തിയുടെ യാത്ര മുടങ്ങിയത്. തുടർന്ന് ഇൻഡിഗോയെ വിമർശിച്ച് കൊണ്ട് ഇദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ കുറിപ്പെഴുതി. ഇത് വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തതോടെയാണ് സമൂഹ മാധ്യമ കുറിപ്പ് പിൻവലിക്കാൻ തനിക്ക് ഇൻഡിഗോ പണം വാഗ്ദാനം ചെയ്തെന്ന് അവകാശപ്പെട്ട് പ്രഖർ ഗുപ്ത സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതിയത്. വിമാനം നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ ഇൻഡിഗോ ഇതുവരെ വാക്കാലോ രേഖാമൂലമോ തന്നോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എന്നാൽ പോസ്റ്റ് പിൻവലിക്കുന്നതിന് 6,000 രൂപ വാഗ്ദാനം ചെയ്തെന്നും പ്രഖർ ഗുപ്ത തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ആരോപിച്ചു.

ഇൻഡിഗോയെ ടാഗ് ചെയ്ത് കൊണ്ടുള്ള പ്രഖർ ഗുപ്തയുടെ ഏറ്റവും പുതിയ പോസ്റ്റ് ഇങ്ങനെയാണ്; ‘എൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിക്കാൻ നിങ്ങളുടെ ടീം എനിക്ക് 6,000 രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചു. എന്നാൽ, ഇതുവരെ വാക്കാലോ രേഖയാലോ ഒരു ക്ഷമാപണം പോലും നടത്തിയിട്ടുമില്ല.’ എക്‌സിൽ മാത്രം 88,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ കുറിപ്പും വൈറലായി. കൂടാതെ അദ്ദേഹം ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ തൻ്റെ പോഡ്‌ കാസ്റ്റിലേക്ക് ഒരു ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

സംഭവം ഓൺലൈനിൽ വൈറലായതോടെ എയർലൈൻ ഔദ്യോഗിക പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ പറയുന്നത്, റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട വ്യോമാതിർത്തി നിയന്ത്രണങ്ങളുടെ ഭാഗമായാണ് തങ്ങളുടെത് ഉൾപ്പെടെയുള്ള ദില്ലിയിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങളുടെയും ഷെഡ്യൂൾ ചെയ്ത സമയത്തിൽ മാറ്റം വരുത്തേണ്ടി വന്നത് എന്നാണ്. ഈ ഷെഡ്യൂൾ ക്രമീകരണങ്ങൾ നടപ്പിലാക്കിയതിന് ശേഷം തങ്ങൾ ഉടൻ തന്നെ യാത്രക്കാരെ അറിയിച്ചുവെന്നും എയർലൈൻ അവകാശപ്പെട്ടു. പുതുക്കിയ സമയത്തിന് ശേഷം എത്തുന്ന യാത്രക്കാരെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ എല്ലാ ശ്രമങ്ങളും നടത്തിയതായും. യഥാർത്ഥ ഫ്ലൈറ്റ് സമയത്തിനപ്പുറം എത്തിയ ഒരു യാത്രക്കാരന് കുറഞ്ഞ നിരക്കിൽ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൂടാതെ യാത്രക്കാരന് നഷ്ടമായ 5,998 രൂപ റീഫണ്ട് ചെയ്യാനും തയ്യാറായതായും ഇൻഡിഗോ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button