സാന്ദ്രയ്ക്ക് എതിരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബി.ഉണ്ണികൃഷ്ണൻ; പരാതിയുമായി മുന്നോട്ടെന്ന് സാന്ദ്ര

കൊച്ചി: സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒരു പ്രമുഖ സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഇരിക്കുന്ന വ്യക്തിയെ താൻ സ്വാഭാവികമായും പ്രിവ്യൂവിന് എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ വിളിക്കുമെന്നായിരുന്നു സാന്ദ്രയുടെ മറുപടി. അക്കാര്യത്തിൽ താൻ ശത്രുത കാണിക്കില്ലെന്ന് സാന്ദ്ര പറഞ്ഞപ്പോൾ സാന്ദ്രയോട് തനിയ്ക്കും ശത്രുതയില്ലെന്നായിരുന്നു ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണം. നമസ്തേ കേരളത്തിലാണ് ഇരുവരും നിലപാടുകൾ തുറന്നുപറഞ്ഞത്.
ബി.ഉണ്ണികൃഷ്ണനോട് വ്യക്തിപരമായി തനിയ്ക്ക് യാതൊരു ദേഷ്യവുമില്ലെന്ന് സാന്ദ്ര പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിന് പകരം സമയം കിട്ടുമ്പോൾ നേരിട്ട് സംസാരിച്ച് തീർക്കാമെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും മുന്നോട്ട് പോയേ പറ്റുകയുള്ളൂവെന്നും സാന്ദ്ര പറഞ്ഞപ്പോൾ കേസ് എടുത്തത് കാരണം തനിയ്ക്കും നിയമപരമായി മുന്നോട്ട് പോകാതെ പറ്റില്ലല്ലോ എന്നായിരുന്നു ബി.ഉണ്ണികൃഷ്ണന്റെ പ്രതികരണം.
അതേസമയം, പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് ആരോപിച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിർമ്മാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി.ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നുമാണ് സാന്ദ്രയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, സാന്ദ്രയുടെ ആരോപണങ്ങൾ ബി.ഉണ്ണികൃഷ്ണൻ തള്ളി. സാന്ദ്രയ്ക്ക് തെറ്റിധാരണയാണെന്നും സാന്ദ്രയെ തഴയാൻ ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.