Uncategorized

‘നിന്നെ ഇനി മലയാള സിനിമ ചെയ്യിപ്പിക്കില്ല’, ബി ഉണ്ണികൃഷ്ണന് ഓർമ്മപ്പിശകെന്ന് സാന്ദ്ര തോമസ്

കൊച്ചി: ബി ഉണ്ണികൃഷ്ണന് കാര്യമായ ഓർമ്മപ്പിശകുണ്ടെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. രണ്ട് പ്രാവശ്യം ഉണ്ണികൃഷ്ണനുമായി മുഖാമുഖം സംസാരിച്ചിരുന്നു. ഒന്ന് ഭദ്രൻ സാറിന്റെ മീറ്റിംഗിൽ. ഇനി നിന്നെ മലയാള സിനിമ ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞ് പോവുന്നത് മീറ്റിംഗിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തില്ലല്ലോയെന്നും സാന്ദ്ര തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിനായി ഏഴ് ലക്ഷം രൂപ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്. ഇത് തെറ്റായ കാര്യമാണ്. ആ സിനിമയ്ക്കായി മൂന്നര ലക്ഷം രൂപ ചെലവ് ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന്റെ സെറ്റിൽമെന്റിനായി ആവശ്യപ്പെട്ടത് 25ലക്ഷം രൂപയായിരുന്നു.

ഈ പണം നൽകാതെ സിനിമ ചെയ്യാനാവില്ലെന്ന സ്ഥിതി വന്നതോടെ ബി ഉണ്ണികൃഷ്ണൻ, ജൂഡ് ആന്തണി, മിഥുൻ മാനുവൽ തോമസും ഒരു ഹോട്ടലിൽ വച്ച് സംസാരിച്ചിരുന്നു. അന്ന് ഫെഫ്ക ഇനി സഹകരിക്കില്ല എന്ന രീതിയിൽ വരെ സംസാരിച്ച സമയത്ത് തുടക്കക്കാരി എന്ന നിലയിൽ ഭയന്നു പോയി. അങ്ങനെയാണ് മൂന്ന് ലക്ഷം രൂപ കൂടിചേർത്ത് റൌണ്ട് ഫിഗറായി ഏഴ് ലക്ഷം രൂപ വാങ്ങിയത്. ഇതൊക്കെ ബി ഉണ്ണികൃഷ്ണൻ നേരിട്ട് ഇടപെട്ട ചർച്ച ചെയ്തത്. അന്ന് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ അഭിമാനക്ഷതത്തിന് ഇവരിൽ നിന്ന് ക്ഷമാപണം എഴുതി വാങ്ങിയിരുന്നു. ഇത് ഫ്രൈഡേ ഫിലിം ഹൌസിൽ ഫ്രെയിം ചെയ്ത് വച്ചിരുന്നു.

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button