Uncategorized

ജയം മാത്രം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിയേണ്ടി വന്നതിന്റെ നിരാശ തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ വൈകീട്ട് ഏഴരക്കാണ് മത്സരം. പതിനേഴ് മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മികച്ച റിസല്‍റ്റ് ഉണ്ടാക്കിയാല്‍ അനായാസം പ്ലേ ഓഫിലെത്താനാകും. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴില്‍ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് ടീം മാനേജ്‌മെന്റ്. നിലവില്‍ കേരളത്തിന്റെ പ്രതിരോധ നിരയുടെ പ്രകടനം പരാതിക്കിടയില്ലാത്ത വിധം മാറ്റിയെടുക്കാന്‍ താല്‍ക്കാലിക കോച്ചിന് ആയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ മികവുറ്റ പ്രതിരോധമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. മുന്‍കോച്ച് മിഖേല്‍ സ്റ്റാറക്ക് കീഴില്‍ 12 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയ ഗോളുകളുടെ എണ്ണം 24 ആണ്. എന്നാല്‍ പുരുഷോത്തമന് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് വഴങ്ങിയ ഗോളുകളാകട്ടെ മൂന്ന് എണ്ണം മാത്രമാണ്. പ്രതിരോധത്തെയും മുന്നേറ്റനിരയെയും ഒരു പോലെ ചലിപ്പിച്ച് ഫലം കണ്ടെത്തുകയെന്ന തന്ത്രമാണ് പുരുഷോത്തമന്‍ ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഐബന്‍ഭ ഡോഹ്ലിംഗിന് പകരം നവോച സിംഗ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയില്‍ തിരികെയെത്തും. ക്വാമി പെപ്രക്ക് പകരം ജീസസ് ജിമിനസും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, നോവ സദോയ് എന്നിവരുടെ പ്രകടനങ്ങളും കേരളത്തിന് ഇന്ന് മുതല്‍ക്കൂട്ടായേക്കും. 16 മതസരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങിയ ബംഗാളിന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അഭിമാനപോരാട്ടം തന്നെയായിരിക്കും ഇന്നത്തേത്. ഒമ്പതാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. മൂന്ന് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സും രണ്ട് മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളും വിജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button