കിണറ്റിൽ കുടുങ്ങിയത് 20 മണിക്കൂറിൽ അധികം; കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിയത്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആനയെ ഇന്നു തന്നെ കാട്ടിൽ വിടും.
കാട്ടിലേക്ക് കാട്ടാന കയറി പോയി. അതിനായി വഴി ഒരുക്കിയിരുന്നു. 500 മീറ്റർ ദൂരമാണ് കാട്ടിലേക്കുള്ളത്. സ്ഥലത്ത് ജാഗ്രതാ നിർദേശം നൽകിയിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പും നൽകിയിരുന്നു. നാട്ടുകാരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ശേഷമാണ് രക്ഷാദൗത്യം തുടങ്ങിയത്.
ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിക്കാൻ തീരുമാനിച്ചത്. കരയിലേക്ക് കയറാൻ നിരവധി തവണ കാട്ടാന ശ്രമിച്ചെങ്കിലും കഴിയാതെ വന്നിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.