Uncategorized

സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് ദിവ്യയുടെ ഇടപാടുകള്‍ പിടികൂടുമെന്ന ഭയത്താലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സിപിഎമ്മും പിണറായി സര്‍ക്കാരും എതിര്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ജില്ലാ പഞ്ചായത്തിന്റെ കോടികളുടെ കരാറുകള്‍ നൽകിയത് ദിവ്യയുടെ ബെനാമി ഉടമസ്ഥതയിലുള്ള സ്വന്തം കമ്പനിക്കാണ്. ഏക്കറു കണക്കിന് ഭൂമിയും കമ്പനി വാങ്ങിക്കൂട്ടി. 11 കോടിയോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിര്‍മാണങ്ങള്‍ക്ക് മാത്രമായി ഈ കമ്പനിക്ക് നല്‍കിയത് പടിയൂര്‍ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ കരാറും ഈ കമ്പനിക്കാണ്. ഒരു കരാര്‍ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല എന്നത് ശ്രദ്ധേയം.

പിപി ദിവ്യയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. കേസ് സിബിഐ അന്വേഷിക്കണം എന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം നിരന്തരം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് അവകാശപ്പെടുന്ന അതേ സമയം തന്നെ സിബിഐ അന്വേഷണത്തെ എതിര്‍ക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ഉദോഗസ്ഥനെ നിഷ്‌കരുണം കൊലയ്ക്കു കൊടുത്ത സംഭവം സിബിഐ അന്വേഷിക്കണമെന്ന കേരളീയ പൊതുസമൂഹത്തിന്റെ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ നിലപാട്.

നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹതകള്‍ക്കൊപ്പം ദിവ്യയുടെ അഴിമതിയും ദുരൂഹമായ ഇടപാടുകളും സിബിഐ അന്വേഷണത്തില്‍ തെളിയും എന്നതാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ സിബിഐ അന്വേഷണത്തെ സര്‍വസന്നാഹവും ഉപയോഗിച്ച് എതിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button