പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഉച്ചക്ക് രണ്ടിന് മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ആശിഖ് ദാരിമിയുടെ പ്രഭാഷണവും നടക്കും.
ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെയും ഞായറാഴ്ച രാത്രി മഹ്മൂൻ ഹുദവിയുടെയും പ്രഭാഷണം ഉണ്ടാകും. തിങ്കളാഴ്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനം രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. രാത്രി മുനീർ ഹുദവിയുടെ മതപ്രഭാഷണം.
സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് ദിഖർ ദുആ മജ്‌ലിസിന് മഹറൂഫ് മദനി അൽ ജിഫ്രി തങ്ങൾ നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം നൽകും. പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം, സെക്രട്ടറി കെ.പി.അബ്ദുൽ റഷീദ്, ഖജാഞ്ചി നാസർ വട്ടൻപുരയിൽ, മഹല്ല് ഖത്തീബ് മൂസ മൗലവി, അസ്ലം ഫൈസി, മജീദ് അരിപ്പയിൽ, സാദിഖ് വാണിയക്കണ്ടി, എ.എം.അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.