Uncategorized

നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ദിനേശിന്‍റെ സഹനത്തിന്‍റെ കഥ

തൃശൂര്‍: പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എടക്കുളം സ്വദേശി ഒടുവില്‍ യെമനില്‍ നിന്ന് നാട്ടിലെത്തി. പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ മകനായ ദിനേഷ് (49) എന്നെയാളാണ് പത്ത് വര്‍ഷത്തിന് ശേഷം യെമനില്‍ നിന്ന് തിരികെ തന്‍റെ പ്രിയപ്പെട്ടവരുടെ അരികില്‍ എത്തിയത്. അച്ഛനെ നേരില്‍ കണ്ട ഓര്‍മ്മയില്ലാത്ത മക്കളായ പത്ത് വയസുക്കാരന്‍ സായ് കൃഷ്ണയും പന്ത്രണ്ട് വയസുക്കാരി കൃഷ്ണ വേണിയും നിറകണ്ണുകളോടെയാണ് ദിനേഷിനെ വരവേറ്റത്.

സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ രണ്ടാമത്തെ കുട്ടി ആറ് മാസം പ്രായം ഉള്ളപ്പോഴാണ് ഭാര്യ അനിതയെയും കുടുംബത്തെയും വിട്ട് 2014 ല്‍ ദിനേഷ് യെമനിലേയ്ക്ക് പോകുന്നത്. പിന്നീട് യെമനില്‍ യുദ്ധം പൊട്ടിപുറപെടുകയും ഇതിനിടയില്‍ സ്പോണ്‍സറുടെ കൈയിൽ ദിനേഷിന്‍റെ പാസ്പോര്‍ട്ട് അകപെടുകയും ചെയ്തു. തിരികെ പോരാന്‍ സാധിക്കാതെ യെമനില്‍ കഷ്ടതകള്‍ക്ക് നടുവിലായി പിന്നീടുള്ള ജീവിതം.

നാട്ടിലെ വീട് കടകെണിയില്‍പെടുകയും ചെയ്തു. ഭാര്യ അനിതയുടെയും കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കണ്ണീര്‍ കടലായിരുന്നു. ദിനേഷിനെ തിരികെ എത്തിക്കാൻ കുടുംബവും സുഹൃത്തുക്കളും നിരവധി പേരെ കാണുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശി തന്നെയായ പൊതുപ്രവര്‍ത്തകന്‍ വിപിന്‍ പാറമേക്കാട്ടിലിന് മുന്നില്‍ ഉണ്ണി പൂമംഗലം മുഖേന എത്തുന്നത്.

ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായി വിപിന്‍ നടത്തിയ ഇടപെടുകള്‍ക്ക് ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേയ്ക്ക് അയച്ച് നല്‍കിയതിനെ തുടര്‍ന്നും കോട്ടയം സ്വദേശിയായ ഷിജു ജോസഫ്, വധശിക്ഷ വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയ വിഷയത്തില്‍ അടക്കം ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സാമൂവല്‍ ജെറോം എന്നിവരുടെയും ഇടപെടല്‍ മുഖാന്തിരമാണ് ദിനേഷിന് തിരികെ നാട്ടില്‍ എത്താനുള്ള വഴിയൊരുങ്ങിയത്.

രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയ ദിനേഷിന് മണിക്കൂറുകളോളം ആണ് എമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കേണ്ടി വന്നത്. പത്ത് വര്‍ഷത്തിന് ശേഷം താല്‍ക്കാലിക പാസ്‌പോര്‍ട്ട് എടുത്ത് വന്നതിനാലാണ് ഇത്രയം സമയം ചെലവഴിക്കേണ്ടി വന്നത്. ദിനേഷിനെ സ്വീകരിക്കാന്‍ ആയി വിപിന്‍ പാറമേക്കാട്ടിലും ഉണ്ണി പൂമംഗലവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പിന്നീട് ദിനേഷിന്‍റെ വീടായ എടക്കുളത്തേയ്ക്ക്. തന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം തന്നെ ദിനേഷിനെ സ്വീകരിക്കാനായി കാത്ത് നിന്നിരുന്നു.

ബാങ്കില്‍ ജപ്തി കാത്ത് കിടക്കുന്ന ദിനേഷിന്‍റെ വീട് തകര്‍ന്ന് നാമാവിശേഷമായ അവസ്ഥയിലായിരുന്നു. തകര്‍ന്ന വീടിന്‍റെ ഓരോ കോണിലും ദിനേഷ് ചെന്ന് കണ്ടു. തകര്‍ന്ന മനസുമായി നിന്ന ദിനേഷിന് താങ്ങായി നാട്ടുക്കാരുടെ പ്രതിനിധിയായി വിപിന്‍ പാറമേക്കാട്ടിലിന്റെ പ്രസ്താവനയുമെത്തി. ദിനേഷിനെ തിരികെ എത്തിച്ചത് കൊണ്ട് മാത്രം അവസാനിക്കുന്ന ദൗത്യം അല്ല ഏറ്റെടുത്തിരിക്കുന്നതെന്നും സ്വന്തമായി വീടും ജോലിയും ഉറപ്പ് വരുത്തി ആ കുടുംബത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ ആയി എല്ലാ വിധ പരിശ്രമവും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി.

തുടര്‍ന്നാണ് ദിനേഷിന്റെ കുടുംബം താമസിക്കുന്ന നെടുമ്പാളിലെ ഭാര്യ ഗൃഹത്തിലേയ്ക്ക് പോയത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തിയ ദിനേഷ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ മക്കളും ഭാര്യ അനിതയും ഓടിയെത്തി. കെട്ടിപിടിച്ച് മുത്തം നല്‍കി വിശേഷങ്ങള്‍ പങ്ക് വെച്ചു. അപ്പോഴേക്കും മധുര വിതരണവും ആരംഭിച്ചിരുന്നു. തിരികെ എത്താന്‍ സാധിച്ചത് സ്വപ്‌ന തുല്യമാണെന്നും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാം എന്ന സന്തോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും ദിനേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button