ഇത് കെഎസ്ആർടിസി തന്നല്ലേ? റോയൽവ്യൂ ഡബിൾ ഡെക്കറിലെ ലൈറ്റിംഗിനെതിരെ ഹൈക്കോടതി; സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധം
കൊച്ചി: മൂന്നാറിലേക്കുള്ള കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃതലൈറ്റ് സംവിധാനം ഒരുക്കിയതിൽ വിമർശനവുമായി ഹൈക്കോടതി. കെ എസ് ആർ ടി സി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃതലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്നാണ് ഹൈക്കോടതി ചോദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്നും കോടതി നിരീക്ഷിച്ചു.
പൂർണ്ണമായും സുരക്ഷാമാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നതാണ് കെ എസ് ആർ ടി സിയുടെ റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിലെ അനധികൃതലൈറ്റ് സംവിധാനമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് മറ്റന്നാളത്തേക്ക് പരിഗണിക്കാനായി മാറ്റുകയും ചെയ്തു. മറ്റന്നാൾ കേസ് പരിഗണിക്കുമ്പോൾ കെ എസ് ആർ ടി സി തന്നെ ചെയ്ത നിയമവിരുദ്ധ ലൈറ്റിംഗ് സംവിധാനത്തിൽ ഹൈക്കോടതി എന്ത് ഉത്തരവായിരിക്കും പുറപ്പെടുവിക്കുക എന്നത് കണ്ടറിയണം.