Uncategorized

പാർട്ടി നേതൃത്വം അറിയാതെ രഹസ്യ സർവ്വെ; വി ഡി സതീശനെതിരെ സംസ്ഥാന കോൺഗ്രസിൽ അമർഷം പുകയുന്നു

തിരുവനന്തപുരം: പാർട്ടി അറിയാതെ വി ഡി സതീശൻ രഹസ്യ സർവ്വെ നടത്തിയതിൽ കോൺ​ഗ്രസിൽ അമ‍ർഷം പുകയുന്നു. രഹസ്യ സർവ്വേ ചോദ്യം ചെയ്ത് നിരവധി നേതാക്കൾ രം​ഗത്തെത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ വിജയ സാധ്യതയാണ് സ‍ർവ്വെയിൽ പരിശോധിച്ചത്. 63 മണ്ഡലങ്ങളിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്.

ജനുവരി 9 ന് ചേർന്ന രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിലാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​​ഗ്രസ് വിജയിക്കാൻ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശൻ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ എ പി അനിൽകുമാർ രം​ഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സർവ്വെ നടത്തിയതെന്ന് എ പി അനിൽ കുമാർ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. മറ്റ് നേതാക്കളൊന്നും ഈ ചർച്ചയിൽ പക്ഷം ചേർന്നില്ലെങ്കിലും രഹസ്വസർവ്വെ കോൺ​ഗ്രസിൽ വിവാദമായിരിക്കുകയാണ്.

പാർട്ടി അറിയാതെ രഹസ്യ സർവ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഒരുവിഭാ​ഗം നേതാക്കൾ. സാധാരണ ഇത്തരം സർവ്വേ നടത്തുന്നത് ഹൈക്കമാൻഡാണെന്നും ഇവ‍ർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് വി ഡി സതീശൻ്റെ രഹസ്യ സർവ്വെ എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേതൃത്വം അറിയാതെ രഹസ്യ സ‍ർവ്വെ നടത്തിയതിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. ഈ വിവരം നേരത്തെ തന്നെ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽ വന്നിരുന്നുവെന്നും വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button