വീട് വിട്ടിറങ്ങി കേരളത്തിന്റെ വളർത്തുപുത്രിയായി, ഒടുവിൽ അസമിലേക്ക് തിരിച്ചെത്തി ആ 13കാരി
തിരുവനന്തപുരം: കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് മാതാപിതാക്കളുമായി പിണങ്ങിയിറങ്ങി നാടുവിട്ട ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന 13കാരി ഒടുവിൽ അസമിലേക്ക് തിരികെയെത്തി. കേരളത്തിന്റെ വളർത്തുപുത്രിയായി അഞ്ച് മാസത്തോളം തിരുവനന്തപുരം ശിശുക്ഷേമ സമിതി ബാലികാ മന്ദിരത്തിൽ കഴിഞ്ഞ ശേഷമാണ് 13കാരി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കേരള പൊലീസ് തിരികെ തിരുവനന്തപുരത്ത് എത്തിച്ച 13കാരി അന്ന് മാതാപിതാക്കൾക്കൊപ്പം മടങ്ങാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ബാലികാ മന്ദിരത്തിലാക്കിയത്.
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞ പെൺകുട്ടിക്ക് സ്കൂളിൽ ചേർന്ന് പഠനം തുടരാനും അവസരമൊരുക്കിയിരുന്നു. അടുത്തിടെ 13കാരി ആസാമിലെ അച്ഛനുമമ്മയ്ക്കുമൊപ്പം പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സി.ഡബ്ല്യൂ.സി. ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം കുട്ടിയെ നാട്ടിലെത്തിക്കാൻ ഉത്തരവു നൽകിയത്. കുട്ടിക്ക് സമിതിയിലെ കൂട്ടുകാരും അമ്മമാരും സമിതി ഭാരവാഹിയും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി. വിമാന മാർഗ്ഗം കുട്ടിയെ അസമിൽ എത്തിക്കുകയായിരുന്നു.