സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ
പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു.
മാലൂർ – 240, മുഴക്കുന്ന് – 215, കണിച്ചാർ – 144, കേളകം – 183, കോളയാട് – 199, പേരാവൂർ – 205, കൊട്ടിയൂർ – 199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക് തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.
അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ സുരക്ഷിത ജൈവമാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു യൂസർ ഫീ നൽകി ഹരിതകർമസേനക്ക് കൈമാറിയും, ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും, മലിനജലം തുറസായി ഒഴുക്കാതെ സംസ്ക്കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് “ഹരിത അയൽക്കൂട്ടങ്ങൾ” ആയി മാറിയത്.
ക്യാമ്പയിന്റെ ഭാഗമായി ഒരു ബ്ലോക്കിലെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. നേരത്തെ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു.
റോബിൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത്ത വഹിക്കുകയും ജില്ലാ കലക്റ്റർ അരുൺ കെ വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഏഴ് ഗ്രാമ പഞ്ചായത്ത് സി ഡി എസിനുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി ടി അനീഷ്, പി പി വേണുഗോപാലൻ, ടി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റിചെയർമാൻമാരായ എ ടി കെ മുഹമ്മദ്, പ്രേമി പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ സ്വാഗതവും ശുചിത്വ ഓഫീസർ സങ്കേത് കെ തടത്തിൽ നന്ദിയും പറഞ്ഞു.