സർക്കാരിൻ്റെ പുനർഗേഹം പദ്ധതി പാളി; അപേക്ഷകരിൽ നാലിലൊന്ന് പേരെ പുനരധിവസിപ്പിക്കാനായില്ല
തിരുവനന്തപുരം: കടലാക്രമണ ഭീഷണയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടd സർക്കാരിൻ്റെ പുനർഗേഹം പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. അപേക്ഷകരിൽ നാലിലൊന്ന് പേരെപ്പോലും പുനരധിവസിപ്പിക്കാൻ ഫിഷറീസ് വകുപ്പിന് കഴിഞ്ഞില്ല. ഇതുവരെ പുനരധിവസിപ്പിച്ചത് 3,012 കുടുംബങ്ങളെ മാത്രമാണ്. പുനരധിവസിപ്പിക്കാത്തതിനെ തുടർന്ന് 18,149 കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. ഇത് സംബന്ധിച്ച വിവരാവകാശ രേഖ റിപ്പോർട്ടറിന് ലഭിച്ചു.
2020 ൽ ആരംഭിച്ച പദ്ധതിയിൽ 21,161 കുടുംബങ്ങൾ അപേക്ഷിച്ചതിൽ ഇതുവരെ പുനരധിവാസം ലഭിച്ചത് 3,012 കുടുംബങ്ങൾക്ക് മാത്രമാണ്. ഇതിൽ അപ്പീൽ സമർപ്പിച്ചത് 3407 കുടുംബങ്ങളാണ്. അപേക്ഷകരിൽ നാലിലൊന്ന് പേരെ പോലും പുനരധിവസിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. അപേക്ഷകരിൽ മുന്നിലുള്ളത് ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരാണ്. ആലപ്പുഴയിൽ 4660 , തിരുവനന്തപുരത്ത് 4116 പേർ, കോഴിക്കോട് 3515 പേർ എന്നിങ്ങനെയാണ് അപേക്ഷകരുടെ കണക്കുകൾ.