ഹേമകമ്മിറ്റി റിപ്പോർട്ട്: എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണം എതിർക്കുന്നതെന്ന് കോടതി; ഹർജിയെ എതിർത്ത് സർക്കാർ

ദില്ലി: ഹേമകമ്മറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സുപ്രീംകോടതിയിൽ ശക്തമായി എതിർത്ത് സംസ്ഥാനസർക്കാരും വനിത കമ്മീഷനും. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജിമോൻ പാറയിലന്റെ ഹർജി തള്ളണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കനാണ് അന്വേഷണം നടക്കുന്നതന്ന് വനിത കമ്മീഷൻ വ്യക്തമാക്കി.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്ന് നിരീക്ഷിച്ചു. എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ സിനിമ നിർമ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിൽ വാദിച്ചു. എന്നാൽ സജിമോന് പിന്നിൽ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.




