അന്തിചന്തക്കു പോലും ആളില്ലാത്താവരുടെ സമരം ,ജോയിന്‍റ് കൗണ്‍സിലിന്‍റെ നാളെത്തെ പണിമുടക്കിനെതിരെ സിപിഎം സംഘടന
തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ പ്രഖ്യപിച്ച സമരത്തെ അധിക്ഷേപിച്ചും സർക്കാരിനെ പിന്തുണച്ചും സിപിഎം പോഷക സംഘടന രംഗത്ത്. വാൽക്കഷണങ്ങൾ നടത്തുന്ന സമരത്തെ ജീവനക്കാർ തള്ളി കളയണം. ജീവനക്കാർക്കിടയിൽ ഇറക്കിയ നോട്ടീസിലാണ് ആക്ഷേപം. അന്തി ചന്തക്കു പോലും ആളില്ലാ സംഘടനകളാണ് സമരം നടത്തുന്നതെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പരിഹസിച്ചു. സമരത്തിൽ പങ്കെടുക്കുന്ന CPI അനുകൂല ജോയിന്‍റ് കൗൺസിലിനെതിരെയാണ് പരിഹാസം. സമരം നടത്തുന്നത് ആളില്ലാ സംഘടനകളാണ്. ചില അതി വിപ്ലവകാരികൾ കൊങ്ങി സംഘികൾക്കൊപ്പം തോളിൽ കൈയിട്ട് സമരം നടത്തുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനിച്ചു. ശമ്പളപരിഷ്ക്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്