‘അംബേദ്കര്‍ക്ക് വഴികാട്ടിയായത് ‘കൃഷ്ണാജി’ എന്ന ബ്രാഹ്മണൻ’; ബ്രാഹ്മണസഭാ വേദിയിൽ കര്‍ണാടക ഹൈക്കോടതി ജഡ്‍ജിമാർ
ബെംഗളൂരു: ബ്രാഹ്മണസഭാ വേദിയിൽ കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ശ്രീശാനന്ദയുമാണ് അഖില കർണാടക ബ്രാഹ്മണസഭയുടെ വാർഷികസമ്മേളനത്തിൽ പങ്കെടുത്തത്. ഭരണഘടനാ നിർമാണത്തിൽ ബ്രാഹ്മണരുടെ പങ്ക് നിസ്തുലമെന്ന് ജഡ്‍ജിമാര്‍ പരിപാടിക്കിടെ പറഞ്ഞു. ഭരണഘടനാ നിർമാണസമിതിയിൽ ഏഴ് പേരുണ്ടായിരുന്നതിൽ മൂന്നും ബ്രാഹ്മണരായിരുന്നുവെന്ന് ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു. അംബേദ്കർക്ക് ഉന്നത പഠനത്തിന് സഹായം നൽകിയതും വഴി കാട്ടിയതും ‘കൃഷ്ണാജി’ എന്ന ബ്രാഹ്മണനായിരുന്നെന്നും ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു.
ജഡ്‍ജിയാകുന്നതിന് മുൻപ് പല ‘ബ്രാഹ്മണ ഇതര’ പ്രസ്ഥാനങ്ങളുടെയും ഭാഗമായിരുന്നു താൻ. ജഡ്‍ജിയായതിന് ശേഷം അതിൽ നിന്നെല്ലാം താൻ വിട്ട് നിൽക്കുകയാണെന്നും ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു. സമുദായത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇത്തരം വേദികൾ അത്യാവശ്യമെന്ന് ജസ്റ്റിസ് ശ്രീശാനന്ദ പറഞ്ഞു. മുൻപ് വിവാദപരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയവരാണ് രണ്ട് ജഡ്‍ജിമാരും.’പാകിസ്ഥാൻ’ പരാമർശം നടത്തിയതിന് ജസ്റ്റിസ് ശ്രീശാനന്ദയെ സുപ്രീംകോടതി ശാസിച്ചിരുന്നു. ജസ്റ്റിസ് ദീക്ഷിത് ബലാത്സംഗക്കേസിലെ ഇരയെക്കുറിച്ച് മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു.