പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ച കേസിലെ പ്രതി പിണറായി വിജയന്റെ സഹോദരനെന്ന് കെഎം ഷാജി

കണ്ണൂർ: തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സഹോദരനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തലശ്ശേരി കലാപകാലത്ത് പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്ന് കെഎം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പരാമർശങ്ങൾ.
പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബർ 30നാണ്. രാത്രിയായപ്പോൾ പള്ളി പൊളിക്കുന്നത് നിർത്തി. പിന്നീട് 31ന് പള്ളി പൂർണ്ണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തിൽ കമ്മീഷനാണ്. ആ പള്ളി പൊളിച്ചതിൽ ഒരാളുടെ പേര് സഖാവ് കുമാരൻ എന്നാണ്. ഈ കുമാരൻ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയൻ്റെ മൂത്ത സഹോദരനാണ്. കഴിഞ്ഞ ദിവസം ഞാനിത് പറഞ്ഞിരുന്നു. 72 മണിക്കൂറായി ഞാനിത് പറഞ്ഞിട്ട്. ഞാനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. തലശ്ശേരി കലാപത്തിൽ പാറപ്പുറത്തെ പള്ളി പൊളിച്ചതിൽ പിണറായി വിജയൻ്റെ സഹോദരൻ പ്രതിയാണ്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകൾ മെനയുന്നത്. എന്നിട്ട് പറയുന്നത് യുകെ കുമാരൻ ശഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറിൽ എവിടെയെങ്കിലും കുമാരൻ്റെ പേര് കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തിൽ മൂന്നാം തിയ്യതി കള്ള്ഷാപ്പിൽ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങൾ കരുതുന്നതെന്നും കെഎം ഷാജി പറഞ്ഞു.