പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു
ദില്ലി: വ്യക്തിവൈരാഗ്യത്തെ തുടർന്ന് 17 കാരനെ വീടിനുള്ളിൽ കുത്തി കൊലപ്പെടുത്തി സുഹൃത്തുക്കൾ. ഞായറാഴ്ച ദില്ലിയിലെ ജഹാൻഗിർപുരിയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയാണ് 17കാരൻ പെൺസുഹൃത്തിനൊപ്പം തന്റെ സുഹൃത്തിന്റെ വാടക വീട്ടിലേക്ക് വന്നത്. അരമണിക്കൂർ കഴിഞ്ഞ് സുഹൃത്ത് പുറത്തേക്ക് പോവുകയും ഇവർ വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു. കുറച്ച് കഴിഞ്ഞ്, പോയ 17കാരൻ തിരിച്ചുവരികയും സുഹൃത്തിന്റെ മുറിയിലേക്ക് ഓടിക്കയറുകയും ചെയ്തു. മൂന്ന് പേർ ഈ കുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. അവർ മുറിയിലേക്ക് അതിക്രമിച്ച് കേറുകയും ആക്രമിക്കുകയും ചെയ്തെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് പൊലീസിന് മൊഴി നൽകി.
ഒരാളുടെ കയ്യിൽ തോക്കും മറ്റൊരാളുടെ കയ്യിൽ കത്തിയുമുണ്ടായിരുന്നു. അടിപിടിക്കിടയിൽ ഒരാൾ വെടിയുതിർത്തുവെങ്കിലും കൊണ്ടില്ല. പിന്നീട് രണ്ടുപേർ ചേർന്ന് 17 കാരനെ പിടിച്ചുവെക്കുകയും അതിൽ ഒരാളോട് കത്തിയെടുത്ത് കുത്തി കൊലപ്പെടുത്താൻ പറയുകയും ചെയ്തു. നെഞ്ചിൽ കത്തികുത്തിയിറങ്ങിയ 17 കാരൻ അപ്പോൾ തന്നെ മരിച്ചു. കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കൊലക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് നടത്തിവരുകയാണ്.