Uncategorized

റഫീഖ ബീവിക്ക് പിന്നാലെ ഗ്രീഷ്‌മയ്ക്കും വധശിക്ഷ; തൂക്കുകയര്‍ വിധിച്ചത് സമാന കോടതിയും ജഡ്‌ജിയും

തിരുവനന്തപുരം: കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലുള്ളത് രണ്ട് വനിതാ കുറ്റവാളികള്‍. 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ കോവളം സ്വദേശി റഫീക്ക ബീവിയാണ് ആദ്യത്തെയാള്‍. 2024ലായിരുന്നു റഫീക്ക ബീവിക്ക് വധശിക്ഷ വിധിച്ചത്. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മയാണ് രണ്ടാമത്തെയാള്‍. വ്യത്യസ്ത കേസുകളെങ്കിലും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയില്‍ റഫീക്ക ബീവിക്കും ഗ്രീഷ്‌മയ്ക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയായ എ എം ബഷീറാണ്.

പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തൂക്കുകയർ വിധിക്കുകയായിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് വിലയിരുത്തിയാണ് ഗ്രീഷ്മക്ക് ജ‍ഡ്ജി എ എം ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ടെന്ന് 586 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. ഗ്രീഷ്‌മയ്ക്ക് തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷവും, അന്വേഷണത്തെ വഴിതിരിച്ചുവിട്ടതിന് അഞ്ച് വര്‍ഷവും തടവുശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാറിന് മൂന്ന് വര്‍ഷം തടവുശിക്ഷയും വിധിച്ചു. കേരളത്തില്‍ 39 പേരാണ് നിലവില്‍ വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഗ്രീഷ്മ കൂടി പട്ടികയില്‍ ഇടംപിടിച്ചതോടെ വധശിക്ഷ ലഭിച്ച് ജയിലിലുള്ള വനിതാ കുറ്റവാളികളുടെ എണ്ണം രണ്ടായി. 34 കൊല്ലം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button