ഗ്രീഷ്‌മ തെറ്റിദ്ധരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു, വധശിക്ഷ വിധിച്ചത് സ്വാഗതാര്‍ഹം: അന്വേഷണ ഉദ്യാഗസ്ഥ ഡി ശില്‍പ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥ ഡി ശില്‍പ. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഗ്രീഷ്‌മ ശ്രമിച്ചിരുന്നു. പ്രതിസന്ധികള്‍ അന്വേഷണത്തിന്‍റെ പല ഘട്ടങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനവും പ്രോസിക്യൂഷന്‍റെ മികവും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയെന്നും ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു. ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസിന്‍റെ അന്വേഷണ മികവിനെ കോടതി അനുമോദിച്ചിരുന്നു.
കാമുകൻ ഷാരോണ്‍ രാജിനെ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2022 ഒക്ടോബർ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25ന് ചികിത്സയിലിരിക്കേ ഷാരോണിന്‍റെ മരണം സംഭവിച്ചു. ഈ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിനെ 3 വര്‍ഷം തടവുശിക്ഷയ്ക്കും കോടതി വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി സുപ്രധാന വിധിപ്രസ്താവം നടത്തിയത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധിയിലുണ്ട്. വിധിപ്രസ്‌താവത്തിനിടെ കേരള പൊലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. കേസില്‍ അന്വേഷണം പൊലീസ് സമർത്ഥമായി നിര്‍വഹിച്ചതായി നിരീക്ഷിച്ച കോടതി, കേസന്വേഷണത്തില്‍ സാഹചര്യ തെളിവുകൾ മികച്ച രീതിയിൽ അന്വേഷണസംഘം ഉപയോഗിച്ചതായി കൂട്ടിച്ചേര്‍ത്തു.