വയനാടിന് വേണ്ടി മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം
വയനാട് പാക്കേജിന് കൂടുതൽ സഹായം കിട്ടുക എന്ന ലക്ഷ്യത്തോടെ മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടെയാണ് കെ.എം. എബ്രഹാം. 43 കിലോമീറ്റർ ദൂരം നാല് മണിക്കൂറിൽ അദ്ദേഹം പൂർത്തിയാക്കി.
“റൺ ഫോർ വയനാട്” എന്ന ബാനർ പ്രദർശിപ്പിച്ചാണ് അദ്ദേഹം ഓടിയത്. “വളരെ ദുഷ്കരമായ അനുഭവമായിരുന്നു, പ്രത്യേകിച്ചും എന്റെ ഈ പ്രായത്തിൽ. പക്ഷേ, ഈ നല്ല കാര്യത്തിന് വേണ്ടി ഓടിത്തീർക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ സന്തോഷം.” കെ.എം. എബ്രഹാം പറഞ്ഞു.
വയനാട്ടിലെ ദുരിതം അനുഭവിച്ചവർക്ക് വേണ്ടി കുറച്ചു പണം കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു ഓട്ടത്തിലൂടെ ഉദ്ദേശിച്ചത്. അതിനെക്കാൾ ഉപരി ദുരിതം അനുഭവിച്ച ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടെയായിരുന്നു മാരത്തണിൽ പങ്കെടുക്കാനുള്ള തീരുമാനമെന്നാണ് കിഫ്ബി സി.ഇ.ഒ വിശദീകരിക്കുന്നത്. “ഈ ബാനർ ഉയർത്തിപ്പിടിക്കുന്നതിൽ അഭിമാനമുണ്ട്. മുംബൈ ജനതയുടെ മനസ്സിൽ കേരളത്തിന് ഇങ്ങനെയൊരു ആവശ്യം ഉണ്ടായി, അതിനോട് ഒത്തുചേരുക എന്നൊരു ആഹ്വാനം കൂടെ ഇതിനുണ്ട്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ തവണത്തെ മുംബൈ മാരത്തണിലും കെ.എം. എബ്രഹാം പങ്കെടുത്തിരുന്നു. സെറിബ്രൽ പാൾസി ബാധിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രെയിൻ റിസർച്ച് യു.കെ സംഘടനയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ തവണ പരിപാടിയിൽ പങ്കെടുത്തത്.