‘ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക വാഹനമില്ല’! ബിസിസിഐ നിര്‍ദേശം നടപ്പിലാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്
കൊല്‍ക്കത്ത: ബിസിസിഐ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താരങ്ങളുടെ സ്വകാര്യ യാത്രയ്ക്ക് ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി) നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ബുധനാഴ്ച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ഐക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ താരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വിദേശ പര്യടനങ്ങളില്‍ താരങ്ങളുടെ കുടുംബങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുകയും പരമ്പരയ്ക്കിടെ വ്യക്തിഗത ഷൂട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ 10 പോയിന്റ് നിര്‍ദ്ദേശം അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയുടെ പുതിയ നയത്തിന് അനുസൃതമായി ഒരു കളിക്കാരനും യാത്രയ്ക്കായി പ്രത്യേക ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സിഎബി പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വെളിപ്പെടുത്തി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”താരങ്ങള്‍ക്ക് ബിസിസിഐ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിഎബി പ്രത്യേക യാത്രാ മാര്‍ഗങ്ങളൊന്നും ക്രമീകരിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനായി ഒരു ടീം ബസ് മാത്രമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. എല്ലാ കളിക്കാരും ടീമിനൊപ്പം പരിശീലന സെഷനുകളിലേക്കും മത്സരത്തിനും വരുമെന്ന് പ്രതീക്ഷിക്കുന്നു.” സ്നേഹാശിഷ് പറഞ്ഞു.
ബിസിസിഐ പുതിയ നിയമങ്ങള്‍ ശിക്ഷയല്ലെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ”ടീമിന് കൂടുതല്‍ ഒത്തിണക്കവും അച്ചടക്കവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ക്രിക്കറ്റിന്റെ സമഗ്രമായ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കൂടുതല്‍ പ്രൊഫഷണലും ഏകീകൃതവുമായ ടീം സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.” അഗാര്‍ക്കര്‍ പറഞ്ഞു. കൂടാതെ, ദേശീയ ടീമിനൊപ്പമല്ലാത്ത സമയത്ത് കളിക്കാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണമെന്നും ബിസിസിഐ പറയുന്നു. അതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലിയും കെഎല്‍ രാഹുലും അവരുടെ പരിക്ക് കാരണം പങ്കെടുക്കുന്നില്ല.