Uncategorized

മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്തി; നട നാളെ അടക്കും, പരാതിരഹിതമായ ഉത്സവക്കാലമെന്ന് പൊലീസ് കോർഡിനേറ്റർ

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്തിന് പരിസമാപ്തി കുറിച്ച് നാളെ നട അടയ്ക്കും. ദര്‍ശനം നാളെ രാത്രി വരെയാണ് ഉണ്ടാവുക. പമ്പയില്‍ നിന്നും വൈകിട്ട് ആറ് വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതി രഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് പറഞ്ഞു.

പൊലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അതിനോട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീര്‍ത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിലെ പല്‍ചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പൊലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാന്‍. എല്ലാവര്‍ക്കും നന്ദി പറയുന്നതായും പൊലീസ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ഡിസംബര്‍ 30ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതല്‍ ജനുവരി 17 വരെ ആകെ 51, 92, 550 പേര്‍ ദര്‍ശനം നടത്തി. ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അയ്യപ്പഭക്തര്‍ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയില്‍ സീസണ്‍ സമാപിക്കാന്‍ കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button