വീടിന് മുകളിലേക്ക് പറന്നു വീണ് സാറ്റലൈറ്റ് പേ ലോഡ് ബലൂൺ; ചുവന്ന ബൾബ് കണ്ട് പേടിച്ച് നാട്ടുകാർ; സംഭവം ബീദറിൽ
ബെംഗളൂരു: ഹൈദരാബാദിൽ നിന്ന് പറത്തിയ സാറ്റലൈറ്റ് പേ ലോഡ് ബലൂൺ കർണാടകയുടെ തെലങ്കാന അതിർത്തി ജില്ലയായ ബീദറിലെ ഒരു ഗ്രാമത്തിലെ വീടിന് മുകളിൽ വന്ന് വീണു. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്. കേന്ദ്ര സർക്കാരിന്റെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് പറത്തിയ ബലൂൺ ആയിരുന്നു ഇത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
ബീദറിലെ ഹോംനാബാദ് താലൂക്കിൽ ഉള്ള ജൽസംഗി ഗ്രാമത്തിൽ ഉള്ള വീടിന് മുകളിൽ ആണ് ബലൂൺ അവശിഷ്ടങ്ങൾ വന്ന് വീണത്. കമാന്റ് സെന്ററിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായതോടെയാണ് ബലൂൺ വീടിന് മുകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് അറിയിച്ചു. ബലൂണിന് മുകളിൽ ചുവന്ന ബൾബ് കത്തുന്നത് കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു.