ചര്‍ച്ച തുടരുന്നു, കാത്തിരിപ്പ് തുടരുന്നു! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ന് രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്ത സമ്മേളനത്തിന് എത്തിയിട്ടില്ല. രണ്ട് പേരും ബിസിസിഐ ആസ്ഥാനത്തുണ്ടെങ്കിലും ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. രോഹിത് നയിക്കുന്ന 15 അംഗ ടീമില്‍ ഏതൊക്കെ താരങ്ങള്‍ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഏതാണ്ട് രണ്ട് മണിക്കൂറോളമായി ചര്‍ച്ച നീണ്ടുനില്‍ക്കുകയാണ്. ചാംപ്യന്‍സ് ട്രോഫിക്ക് പുറമെ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും.
സമീപകാലത്ത് ഇന്ത്യ അതികം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഇതേ ടീം തന്നെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലും കളിക്കും. രോഹിതിനൊപ്പം ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടരും. ബാക്കപ്പ് ഓപ്പണറായി ജയ്സ്വാള്‍ ടീമിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായ കാര്യമാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി എന്നല്ലാതെ മറ്റൊരു പേരുണ്ടാവില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. ഏകദിനത്തില്‍ തിളങ്ങാത്ത സൂര്യകുമാര്‍ യാദവിനെ പരിഗണിക്കില്ല.